നടനും താരസംഘടനയായ 'അമ്മ'യുടെ (AMMA) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടിനി ടോമിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്ത്. കൊച്ചിയിൽ വെച്ചുനടന്ന സംഘടനയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം തന്നോട് അസഭ്യമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് നീന കുറുപ്പിന്റെ പരാതി. ഇക്കഴിഞ്ഞ മെയ് 12-നാണ് നീന കുറുപ്പ് ഇതുസംബന്ധിച്ച് സംഘടനയുടെ നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയത്.
കഴിഞ്ഞ ഫെബ്രുവരി 13-ന് കൊച്ചിയിൽ നടന്ന 'അമ്മ' കുടുംബസംഗമത്തിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ഒട്ടനവധി താരങ്ങളുടെ മുന്നിൽ വെച്ച് ടിനി ടോം തികച്ചും അശ്ലീലവും അസഭ്യവുമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും തന്നെ അപമാനിക്കുകയും ചെയ്തു. കൂടാതെ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി നീന കുറുപ്പ് പരാതിയിൽ ആരോപിക്കുന്നു.
നേരത്തെ, ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്തെത്തിയതിന് പിന്നാലെയാണ് നീന കുറുപ്പിന്റെ പരാതിയും ഇപ്പോൾ പുറത്തുവരുന്നത്. ടിനി ടോമിന്റെയും അദ്ദേഹത്തിനൊപ്പമുള്ള സംഘത്തിന്റെയും മോശം പെരുമാറ്റവും മാനസിക പീഡനവും കാരണമാണ് താൻ ജോയിന്റ് സെക്രട്ടറി പദവി രാജിവെച്ചതെന്നായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതായും 'ജിഹാദി' എന്ന് വിളിച്ച് വർഗീയമായി ആക്ഷേപിച്ചതായും അൻസിബ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അക്കാലത്ത് ടിനി ടോം നിഷേധിച്ചിരുന്നു.
നീന കുറുപ്പിന്റെ പരാതി ലഭിച്ച കാര്യത്തിൽ സംഘടനയുടെ ഭാഗത്തുനിന്ന് ഇതുവരെ കർശനമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതേസമയം, അൻസിബയുടെ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ പ്രതികരിച്ചത്. ടിനി ടോമിനെതിരെ തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സംഘടനയുടെ അടുത്ത യോഗത്തിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തേക്കും.