Share this Article
News Malayalam 24x7
ഗണ്‍മാന്മാര്‍ക്ക് എതിരെ വധശ്രമം കുറ്റം ചുമത്തിയേക്കും
Attempt to Murder Charges Likely Against CM's Security Team

എൽ.ഡി.എഫ് സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും ഗൺമാൻമാർക്കും എതിരെ വധശ്രമക്കുറ്റം ചുമത്തിയേക്കും. കേസിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം (SIT) ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ് എന്നിവർക്ക് പുറമെ അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മർദ്ദിക്കുക എന്ന ലക്ഷ്യത്തോടെ ലാത്തികളും വടികളും കരുതിയിരുന്നതായി എസ്.ഐ.ടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സാധാരണ സുരക്ഷാ ചുമതലകളിൽ ഉപയോഗിക്കാത്ത തരത്തിലുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതെന്നും, ഇത് മനഃപൂർവം പരിക്കേൽപ്പിക്കാനും അപായപ്പെടുത്താനുമുള്ള ശ്രമമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


അതേസമയം, കേസ് ആദ്യം ഒതുക്കിത്തീർക്കാനും കേസ് ഡയറി തിരുത്താനും ശ്രമം നടന്നതായി ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്. സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി അന്നത്തെ ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോൺ നൽകിയ പ്രാഥമിക റിപ്പോർട്ട് അട്ടിമറിച്ചതായാണ് ആരോപണം. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് തിരുത്തിയതെന്ന ആക്ഷേപവും ശക്തമാണ്. ഇത് ശരിയാണെന്ന് കണ്ടെത്തിയാൽ എ.ഡി.ജി.പിക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.


അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികളായ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയിൽ നിന്നും ആഭ്യന്തര വകുപ്പ് പിൻവലിച്ചിട്ടുണ്ട്. ഇവർക്കെതിരെയുള്ള സസ്‌പെൻഷൻ നടപടികൾ ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ മൊഴികളും ക്യാമറാമാൻമാരിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് തയ്യാറാക്കിയത്. വിശദമായ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് തുടക്കം കുറിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article