നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ദീപ്, അരുൺ വിപിൻ, ഷൈജു എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസ് ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും വിശദമായ വാദം കേൾക്കുന്നതിനായി ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി അന്തിമ തീരുമാനമെടുക്കുന്നത് വരെ തങ്ങളുടെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ഇടക്കാല ആവശ്യം കോടതി തള്ളി. ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ജില്ലാ സെഷൻസ് കോടതിക്ക് നിയമപരമായി അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ആവശ്യം നിരസിച്ചത്.
അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട അഞ്ച് പേരും നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെയെല്ലാം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.