Share this Article
News Malayalam 24x7
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ തിരുവാഭരണങ്ങൾ കാണാനില്ല
Travancore Devaswom Board: Sacred Ornaments and Gold Missing From Temples

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിൽ കോടികൾ വിലമതിക്കുന്ന തിരുവാഭരണങ്ങളും സ്വർണ്ണ-വെള്ളി ഉരുപ്പടികളും കാണാനില്ലെന്ന് റിപ്പോർട്ട്. നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ പരിധിയിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

ദേവസ്വം തിരുവാഭരണം കമ്മീഷണർ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് കോടികളുടെ തിരുവാഭരണങ്ങളുടെയും മറ്റ് പൂജാ സാമഗ്രികളുടെയും കുറവ് കണ്ടെത്തിയത്. ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ, സ്വർണ്ണാഭരണങ്ങൾ, വെള്ളി തട്ടുകൾ, സ്വർണ്ണക്കട്ടകൾ, വെള്ളി തിരുമുഖങ്ങൾ എന്നിവയാണ് കാണാതായിട്ടുള്ളത്. ഇതേ തുടർന്ന് തിരുവാഭരണം കമ്മീഷണർ വിശദമായ റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞ മാസം 23-ന് നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് സമർപ്പിച്ചിരുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്മേൽ മറുപടി നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് തെക്കൻ മേഖലയിലെ ക്ഷേത്രങ്ങളിലും സമാനമായ വൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും കൃത്യമായ നിലപാടോ അന്വേഷണമോ ഉണ്ടായിട്ടില്ലെന്ന് കാട്ടി വിവിധ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണങ്ങളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories