Share this Article
News Malayalam 24x7
ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ DYFI പ്രവര്‍ത്തരും പൊലീസും തമ്മില്‍ കയ്യാങ്കളി
Sasthamkotta Police Station Incident

കൊല്ലം ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളി. പ്രാദേശികമായ ഒരു തർക്കവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചവരോട് സംസാരിക്കാൻ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ് പൊലീസുമായി ഏറ്റുമുട്ടിയത്. സ്റ്റേഷനുള്ളിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രാദേശികമായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരോട് സംസാരിക്കാനായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി. എന്നാൽ, പൊലീസിന്റെ അനുവാദം കൂടാതെ ഉദ്യോഗസ്ഥരുടെ മുറിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസുകാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ആരംഭിച്ചു. തർക്കം മുറുകിയതോടെ പ്രവർത്തകർ പൊലീസുകാരെ തള്ളുകയും സ്റ്റേഷനുള്ളിൽ കയ്യാങ്കളി ഉണ്ടാവുകയുമായിരുന്നു.


പൊലീസ് ഉദ്യോഗസ്ഥരെ പ്രവർത്തകർ വെല്ലുവിളിക്കുന്നതിന്റെയും ഉന്തും തള്ളും നടത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്ന രീതിയിലായിരുന്നു പ്രവർത്തകരുടെ പെരുമാറ്റമെന്ന് ആക്ഷേപമുണ്ട്. എന്നാൽ, ഇത്രയും ഗുരുതരമായ സംഭവം സ്റ്റേഷനുള്ളിൽ നടന്നിട്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഉന്നത രാഷ്ട്രീയ സമ്മർദ്ദം കാരണമാണ് പൊലീസ് നടപടി വൈകുന്നതെന്ന ആക്ഷേപവും ശക്തമാണ്.

അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories