സ്നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്നുനൽകി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ പുതുക്കി രാത്രി പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളും ഈസ്റ്റർ കുർബാനയും നടന്നു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയ്ക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ മുഖ്യകാർമ്മികത്വം വഹിച്ചു. ലോകം മുഴുവൻ ഭയപ്പാടിലാണെന്നും യുദ്ധങ്ങൾ എല്ലാവരെയും വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. ലോകത്ത് സമാധാനം പുലരാനും യുദ്ധങ്ങൾ അവസാനിക്കാനും ഈ ഉയർപ്പ് ദിനത്തിൽ ഏവർക്കും പ്രാർത്ഥിക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഓരോ വിശ്വാസിയും സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ നടന്ന പ്രാർത്ഥനകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.