അമേരിക്കയില്‍ ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ ധാരണയായി. ഈ കരാറിന്റെ ഭാഗമായി റഷ്യന്‍ ഡീസല്‍ കയറ്റുമതിയുടെ മേലുള്ള ഉപരോധം ഏപ്രില്‍ 7 വരെ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ യുഎസ് ട്രഷറി തീരുമാനിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ആദ്യഘട്ടമായി 300,000 ടണ്‍ ഡീസല്‍ ഉടന്‍ ലഭ്യമാക്കും. നവംബറില്‍ 500,000 ടണ്ണും പിന്നീട് 1 ദശലക്ഷം ടണ്ണും നല്‍കാനാണ് തീരുമാനം. റഷ്യക്കെതിരെ പുതിയ ഉപരോധ ബില്ലില്‍ ഒപ്പിട്ട് ആഴ്ചകള്‍ക്കകമാണ് ട്രംപ് ഈ കരാര്‍ ഒപ്പിട്ടത് എന്നത് വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന ഇന്ധനവില പിടിച്ചുനിര്‍ത്താനും കര്‍ഷകര്‍ക്കും ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ആശ്വാസം നല്‍കാനുമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. കരാറിന് റഷ്യന്‍ പ്രസിഡന്റ് പുടിനോട് നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു.