സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.മരിച്ചവരിൽ നാല് സൗദി പൗരന്മാരും, രണ്ട് ബംഗ്ലാദേശ് പൗരന്മാരും, ഒരു ഫലസ്തീൻ പൗരനും ഉൾപ്പെടുന്നു. കൂടാതെ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരം.
.
ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം സൗദിക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. വിവിധ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകളും നിർത്തിവെച്ചു.
ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പ് നൽകി. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സൗദിക്ക് നേരെ ഹൂതികളുടെ ആക്രമണങ്ങൾ ഉണ്ടായിരുന്നു. അതിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് സൗദി ഭരണകൂടം കാണുന്നത്.