Share this Article
'15 വര്‍ഷത്തിനിടെ 7 ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ ജയമാധവന്‍ നായരുടെ മരണത്തിൽ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍
വെബ് ടീം
posted on 13-10-2026
1 min read
KOODATHTHIL CASE

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുബത്തിലെ ദുരൂഹ മരണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍. കാര്യസ്ഥന്‍ രവീന്ദ്രനാണ് അറസ്റ്റിലായത്. ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെയാണ് കൂടത്തില്‍ കുടുംബത്തിലെ മരണങ്ങളുടെ യഥാര്‍ത്ഥചിത്രവും മറനീക്കി പുറത്തുവന്നത്.വര്‍ഷങ്ങളായി ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. ജയമാധവന്‍നായരുടെ മരണം കൊലപാതകമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടായിരുന്നു കേസില്‍ നിര്‍ണായ വഴിത്തിരിവ് ആയത്. ഇന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം രവീന്ദ്രനെ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയമാധവന്‍ നായരുടെ കൊലപാതകത്തിലൂടെ ഭൂമി തട്ടിയെടുക്കുകയായിരുന്നു രവീന്ദ്രന്റെ ലക്ഷ്യം. 2017ലായിരുന്നു ജയമാധവന്‍ കൊല്ലപ്പെട്ടത്.

കൂടത്തില്‍ തറവാട്ടിലെ കോടികളുടെ സ്വത്തിന് അനന്തരവകാശികളാകേണ്ട ഏഴുപേര്‍ പതിനഞ്ചു വര്‍ഷത്തിനിടെ മരിച്ചു. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് അവകാശം ഉണ്ടായിരുന്ന സ്വത്തുക്കള്‍ ഇഷ്ടദാനമെന്ന പേരില്‍ കാര്യസ്ഥനായ രവീന്ദ്രന്‍ നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തി. ഇതില്‍ സംശയം ഉന്നയിച്ച് ആദ്യം നാട്ടുകാരനായ അനില്‍കുമാറും പിന്നീട് ബന്ധുവായ പ്രസന്നകുമാരിയമ്മയുമാണ് പരാതികള്‍ നല്‍കിയത്. വ്യാജവില്‍പ്പത്രം തയ്യാറാക്കിയത് വ്യാജമായിട്ടാണെന്ന് തുടക്കത്തിലേ കണ്ടെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories