കോവളത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവും ആംബുലൻസിൽ കയറ്റാൻ സഹായിക്കാനെത്തിയ അയൽവാസിയും മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ താമസിക്കുന്ന സുരേഷ് (44), അയൽവാസി അജി (52) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
വൈകിട്ട് ശുചിമുറിയിൽ പോയ സുരേഷിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് ഭാര്യ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. വീട് സ്ഥിതി ചെയ്യുന്ന ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് എത്താൻ 150 മീറ്ററോളം ദൂരമുള്ളതിനാൽ, അയൽവാസികൾ ചേർന്നാണ് സുരേഷിനെ ആംബുലൻസിലേക്ക് എത്തിക്കാൻ സഹായിച്ചത്.
സുരേഷിനെ താങ്ങി ആംബുലൻസിനടുത്തേക്ക് കൊണ്ടുപോകാൻ സഹായിച്ച അയൽവാസി അജി, വാഹനത്തിന് അടുത്ത എത്തിയപ്പോഴേക്കും അവശനായി കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള മാർഗമധ്യേ മരിച്ചു. സുരേഷ് നഗരത്തിൽ ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.