ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പൊലീസ് അനുമതി നൽകി. റാലി നടത്തുന്നതിനുള്ള നിരാക്ഷേപ പത്രം (എൻഒസി) അനുവദിച്ചതായി പൊലീസ് ശനിയാഴ്ച അറിയിച്ചു.
കോൺഗ്രസ് നവംബർ ഒന്നിന് രാംലീല മൈതാനിയിൽ റാലി നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ആവശ്യമായ എൻഒസിക്കായി ഡൽഹി പൊലീസിനെ സമീപിച്ചിരുന്നുവെന്നും സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് രാജ്ബീർ സിങ് പറഞ്ഞു.
ഒക്റ്റോബർ 25 മുതൽ നവംബർ മൂന്ന് വരെയാണ് നിശ്ചിത പ്രതിഷേധ വേദിയിൽ റാലി നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, റാലിയുടെ സുഗമമായ നടത്തിപ്പ് എന്നിവ ഉറപ്പാക്കാൻ സംഘാടകർ, ട്രാഫിക് പൊലീസ്, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവരുമായി നിരന്തരം ഏകോപനം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.