Share this Article
News Malayalam 24x7
യൂറോപ്യന്‍ നയതന്ത്രജ്ഞരെ ആക്രമിച്ച് ഇസ്രയേല്‍ കുടിയേറ്റക്കാര്‍
European Diplomats Attacked by Settlers

വെസ്റ്റ് ബാങ്കില്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ആക്രമണം. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തയ്‌ബെയിലെ ഒലിവ് വിളവെടുപ്പില്‍ പങ്കെടുക്കാനെത്തിയ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍, ഫ്രഞ്ച് മേയര്‍, ആര്‍ച്ച് ബിഷപ്പ് എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നയതന്ത്ര വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പലസ്തീന്‍കാര്‍ സ്വന്തം ഭൂമിയില്‍ നിന്ന് ഒലിവ് വിളവെടുക്കുന്നത് തടയാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് അക്രമണം. 

ഫ്രഞ്ച് നഗരമായ ഓള്‍നോയ്-അമേരിസിന്റെ മേയറെ വാഹനത്തിലേക്ക് കയറാന്‍ ശ്രമിക്കവെ മുഖംമൂടി ധരിച്ച ആക്രമികള്‍ തള്ളിയിടുകയും ആക്രമിക്കുകയുമായിരുന്നു. ബെല്‍ജിയന്‍ നയതന്ത്ര സംഘത്തിന്റെ വാഹനത്തിന്റെ ജനല്‍ച്ചില്ലുകളും ആക്രമികള്‍ അടിച്ചുതകര്‍ത്തു. മുന്‍പും പലസ്തീന്‍കാര്‍ക്ക് നേരെ വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും വിദേശ നയതന്ത്രജ്ഞരെ ലക്ഷ്യമിടുന്നത് ഇതാദ്യമാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ച ഒലിവ് വിളവെടുപ്പ് സീസണില്‍ മാത്രം കുടിയേറ്റക്കാര്‍ 170ലധികം ആക്രമണങ്ങളാണ് നടത്തിയത്. ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ അപലപിക്കുകയും പൊലീസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories