ആലപ്പുഴ: കാർത്തികപ്പിള്ളിയിൽ രണ്ട് വയസുകാരന്‍റെ മരണത്തിൽ വിചിത്രവാദവുമായി അച്ഛൻ രാജേഷ് രംഗത്ത്. മുൻപ് താമസിച്ചിരുന്ന സ്ഥലത്ത് കാവിന്‍റെ ദോഷമുണ്ടായിരുന്നെന്നും ഇതിന്‍റെ ഫലമായി കുടുംബത്തിൽ മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു എന്നുമാണ് ഇയാളുടെ വാദം. മരിച്ച കുട്ടി ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നും രാജേഷ് അവകാശപ്പെട്ടു.
പോഷകാഹാരക്കുറവിനെ തുടർന്നാണ് രണ്ട് വയസുകാരനായ രാഹുൽ മരിക്കുന്നത്. രാജേഷ്- താര ദമ്പതികളുടെ ആറാമത്തെ കുട്ടിയായിരുന്നു രാഹുൽ. നേരത്തേയും ഇവരുടെ ഒരു കുട്ടി ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. കൈയിൽ നിന്ന് വീണ് മരിച്ചു എന്നാണ് അന്ന് താര പറഞ്ഞത് എന്നാണ് നാട്ടുകാർ പറയുന്നത്.
ഓട്ടോഡ്രൈവറായ രാജേഷോ താരയോ കുട്ടികളെ നോക്കിയിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾക്ക് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ല. ഐസിഡിഎസ് പ്രവർത്തകരെത്തി കുട്ടികളെ നേരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റനുള്ള ഓർഡറുമായി എത്തിയപ്പോൾ താര ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റോ വാക്സിൻ എടുത്തതിന്‍റെ രേഖകളോ ഇവരുടെ കൈയിൽ ഇല്ല. കൂടാതെ വൃത്തിഹീനമായ അവസ്ഥയിലാണ് കുട്ടികൾ കഴിഞ്ഞിരുന്നത്.