Share this Article
News Malayalam 24x7
ടാറ്റ ഹാരിയറിന് പണികൊടുക്കാൻ ജെറ്റൂർ T2 വരുന്നു!
വെബ് ടീം
18 hours 49 Minutes Ago
2 min read
JSW Motors Jetour T2 SUV India Launch

ഇന്ത്യൻ എസ്‌യുവി വിപണിയിൽ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും കടുത്ത വെല്ലുവിളിയുയർത്താൻ ജെഎസ്ഡബ്ല്യു (JSW) മോട്ടോഴ്സ് എത്തുന്നു. ചൈനീസ് വാഹന ഭീമന്മാരായ 'ചെറി' (Chery) ഗ്രൂപ്പുമായി കൈകോർത്ത്, 'ജെറ്റൂർ T2' (Jetour T2) എന്ന മസിൽമാൻ എസ്‌യുവിയെയാണ് ജെഎസ്ഡബ്ല്യു ഇന്ത്യയിലെത്തിക്കുന്നത്. ടാറ്റയുടെ വരാനിരിക്കുന്ന ഹാരിയർ ഇവി ഉൾപ്പെടെയുള്ള വമ്പൻ മോഡലുകളെ നേരിടാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം.


കാഴ്ചയിൽ തന്നെ കരുത്തനായ ഓഫ്-റോഡ് വാഹനത്തിന്റെ പ്രതീതിയാണ് ജെറ്റൂർ T2 നൽകുന്നത്. ഒരു 'ബോക്സി' ഡിസൈൻ ശൈലിയാണ് ഇതിന് നൽകിയിരിക്കുന്നത്. മുൻവശത്തെ സ്ക്വയർ ആകൃതിയിലുള്ള LED DRL-കളും, കരുത്തുറ്റ ബമ്പറുകളും വാഹനത്തിന് ഒരു റഗ്ഡ് (Rugged) ലുക്ക് നൽകുന്നുണ്ട്. 20 ഇഞ്ച് അലോയ് വീലുകളും ഫ്ലേയേർഡ് വീൽ ആർച്ചുകളും റോഡിൽ ഈ വാഹനത്തിന് മികച്ച സാന്നിധ്യം ഉറപ്പാക്കും. പിന്നിലെ വെർട്ടിക്കൽ ടെയിൽ ലാമ്പുകളും ചാർജിംഗ് കേബിളുകൾ വെക്കാനുള്ള സ്പെഷ്യൽ ബോക്സും ഡിസൈനിലെ പ്രത്യേകതകളാണ്.


വാഹനത്തിന്റെ അകത്തളത്തിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 15.6 ഇഞ്ചിന്റെ വമ്പൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഇതിലെ പ്രധാന ആകർഷണം. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഹനത്തെ കൂടുതൽ പ്രീമിയം ആക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ജെറ്റൂർ T2. ലെയ്ൻ മാറാനും തനിയെ ബ്രേക്ക് ഇടാനും സഹായിക്കുന്ന 'ലെവൽ 2 ADAS' ഫീച്ചറുകൾ വാഹനത്തിലുണ്ട്.


ഇന്ത്യയിൽ ആദ്യം പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) മോഡലായിരിക്കും നിരത്തിലെത്തുക. 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 26.7 kWh ബാറ്ററി പാക്കും ചേർന്നാണ് ഇതിന് കരുത്ത് പകരുന്നത്. 154 bhp കരുത്തും 220 Nm ടോർക്കും ഈ വാഹനം നൽകുന്നു. ഫ്രണ്ട്-വീൽ-ഡ്രൈവ് (FWD), ഓൾ-വീൽ-ഡ്രൈവ് (AWD) എന്നീ രണ്ട് മോഡലുകളിലും വാഹനം ലഭ്യമാകും. പെട്രോളും ബാറ്ററിയും ഒരേപോലെ ഉപയോഗിക്കാൻ സാധിക്കുന്നത് ദൂരയാത്രകൾക്ക് കൂടുതൽ സൗകര്യപ്രദമാണ്.

ഈ വർഷത്തെ ഉത്സവ സീസണിൽ തന്നെ ജെറ്റൂർ T2 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെയും ടാറ്റയുടെയും കരുത്തൻ മോഡലുകൾ വാഴുന്ന ഇന്ത്യൻ വിപണിയിൽ ഈ 'മസിൽമാൻ' എസ്‌യുവി എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് കാത്തിരുന്നു കാണാം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories