ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന സ്‌ത്രീയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ചോടിച്ച് തെരുവുനായ്‌ക്കൾ. കോയമ്പത്തൂരിൽ തുഡിയല്ലൂരിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എൻജിജിഒ കോളനി-അശോകപുരം മേഖലയിലെ റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് പതിവായി ചുറ്റിത്തിരിയുന്ന സ്‌ത്രീ റോഡരികിൽ ഇരിക്കുമ്പോഴാണ് യുവാവ് ഇവർക്കരികിലേക്ക് എത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്നാണ് വിവരം. യുവാവ് സ്‌ത്രീക്ക് അടുത്തെത്തിയതോടെ സമീപത്തുണ്ടായിരുന്ന തെരുവുനായ്‌ക്കൾ കുരയ്‌ക്കാൻ തുടങ്ങി. യുവാവ് നായ്‌ക്കളെ കല്ലെറിഞ്ഞോടിക്കാൻ ശ്രമിച്ചെങ്കിൽ അവ അവിടെത്തന്നെ തുടർന്നു.ഇതിനിടെ ഇയാൾ സ്‌ത്രീയെ ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സ്‌ത്രീ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയതോടെ ഒരു നായ യുവാവിനു നേരെ വന്നു. പിന്നാലെ മറ്റ് നായ്‌ക്കളും ഇയാളെ ആക്രമിക്കാൻ തുടങ്ങി. യുവാവിന്റെ കാലിൽ നായ്‌ക്കൾ കടിക്കുകയും പിടിച്ചുവലിക്കുകയും ചെയ്‌തു. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. നായ്‌ക്കൾ യുവാവിനെ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തു.