Share this Article
News Malayalam 24x7
96 ശതമാനം ചൂരമീനിലും വിരകൾ; കിഡ്നിയും ഹൃദയവുമൊഴികെ എല്ലായിടവും വിരകള്‍, കണ്ണിൽ പോലും കാണാൻ കഴിയാത്ത 1000ൽ അധികം, കുടലിനെപ്പോലും നശിപ്പിച്ചേക്കാം
വെബ് ടീം
8 hours 5 Minutes Ago
1 min read
TUNA

രൂചികരവും ആരോഗ്യത്തിനു ഗുണകരവുമായ മീനുകൾ ഉണ്ടെങ്കിലും ഇവയിൽ പോഷകസമൃദ്ധമായ ഒന്നാണ് ചൂര (tuna).കേരളത്തിൽ തന്നെ പ്രാദേശികമായി ചൂരയ്‌ക്ക് നിരവധി പേരുകളുണ്ട്. സൂത, കേര, വെള്ളച്ചൂര, നെയ്‌മീൻ ചൂര, കേരച്ചൂര, കണ്ണൻചൂര, മണ്ണച്ചൂര, വലിയ കണ്ണൻ, മഞ്ഞത്തുമ്പൻ തുടങ്ങിയ പേരുകളിൽ ചൂര അറിയപ്പെടുന്നു. രുചിയേറിയ മത്സ്യമായതിനാൽ ഇവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാൽ, കൊതിയൂറുന്ന ചൂരയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അടുത്തിടെ തെക്കൻ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാന്താ കാറ്ററിനയിലെ ഗവേഷകർ നടത്തിയ പഠനം മത്സ്യപ്രിയരെ ഞെട്ടിക്കുന്നതാണ്.ഇവർ പരിശോധിച്ച ചൂരമീനിൽ 96 ശതമാനത്തിലും പരാന്നഭോജികളായ വിരകളുടെ സാന്നിദ്ധ്യം കണ്ടെത്തി. കണ്ണിൽ പോലും കാണാൻ കഴിയാത്ത 1,600 സൂക്ഷ്‌മവിരകളെയാണ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ഗവേഷകർ വേർതിരിച്ചെടുത്തത്. മീനുകളുടെ വൃക്കയും ഹൃദയവും ഒഴികെ മറ്റെല്ലാ അവയവങ്ങളിലും വിരകൾ നിറഞ്ഞിരുന്നു. മീനുകളുടെ കുടലുകളിലാണ് ഇവ കൂടുതലായും കണ്ടെത്തിയത്. നമ്മൾ കഴിക്കുന്ന മാംസപേശികളിലെല്ലാം വിരകൾ നിറഞ്ഞിരിക്കുകയായിരുന്നു.

ട്രിപനോറിൻക, അനിസാക്കിസ് എന്നീ വംശത്തിൽപ്പെട്ട വിരകളാണ് ഇതിൽ ഏറെയും.സ്‌കിപ്പ്ജാക്ക് ട്യൂണ എന്ന വിഭാഗത്തിലാണ് വിരകളെ കണ്ടെത്തിയത്. ലോകത്ത് ഏറ്റവുമധികം പിടിക്കപ്പെടുന്ന മൂന്നാമത്തെ കടൽ മത്സ്യമാണിത്. 2022ൽ മാത്രം 31 ലക്ഷം ടൺ സ്‌കിപ്പ്ജാക്ക് ട്യൂണയാണ് വിറ്റഴിക്കപ്പെട്ടത്. വിരകൾ നിറഞ്ഞ മത്സ്യമാണ് ഇത്രയും നാൾ കഴിച്ചതെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് അറപ്പ് തോന്നിയേക്കാം. എന്നാൽ, ഇവ പാകം ചെയ്‌ത് കഴിക്കുന്നത് സുരക്ഷിതമാണ്. മീനുകൾ നന്നായി വേവിക്കുമ്പോൾ അവയിലെ വിരകൾ നശിച്ചുപോകും. ചത്ത വിരകൾ മനുഷ്യശരീരത്തിൽ എത്തിയാലും ദോഷം വരില്ല.നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്‌മജീവികളോ വിരകളോ ഉണ്ടാകാം എന്നത് ഒരു പ്രകൃതിസത്യമാണ്. എന്നാൽ ശരിയായ ശുചിത്വപാലനത്തിലൂടെയും പാചകരീതികളിലൂടെയും ഇവയുടെ ഭീഷണി പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇവ പച്ചയ്‌ക്കോ പകുതി വേവിച്ചോ കഴിക്കുന്നത് അപകടമാണ്. സുഷി പോലുള്ള വിഭവങ്ങളിലൂടെ ഇവ ജീവനോടെ മനുഷ്യശരീരത്തിനുള്ളിൽ എത്തും. ഇങ്ങനെ സംഭവിച്ചാൽ ഇവ കുടലിൽ ചെറിയ ദ്വാരങ്ങളുണ്ടാക്കും. വയറുവേദന, ഛർദി, അതിസാരം തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങൾക്ക് ഇവ കാരണമാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article