മഴക്കാലത്തും മഞ്ഞുകാലത്തും എന്ന് വേണ്ട തൊണ്ടവേദന പലർക്കും പരിചിതമായ ഒരു അസ്വസ്ഥതയാണ്. ചിലർക്ക് കാലാവസ്ഥ എങ്കിൽ ചിലർക്ക് വൈറൽ അണുബാധകൾ, അലർജികൾ, അല്ലെങ്കിൽ ദഹനക്കേടുകൾ ഇതിന് കാരണമാകാം. ഈ അസ്വസ്ഥത പലപ്പോഴും സ്വയം മാറുമെങ്കിലും, വീട്ടിൽ തയ്യാറാക്കുന്ന ചില പാനീയങ്ങൾ വേഗത്തിലുള്ള ആശ്വാസം നൽകും.
തേൻ: തേനിലെ ആൻറിബാക്ടീരിയൽ ഗുണങ്ങൾ തൊണ്ടയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ഇത് തൊണ്ടയെ നനയ്ക്കുകയും വരൾച്ച കുറയ്ക്കുകയും ചെയ്യുന്നു. ഇഞ്ചി ചേർത്ത തേൻ ചായ അല്ലെങ്കിൽ നാരങ്ങാനീർ ചേർത്ത തേൻ എന്നിവ പ്രത്യേകിച്ചും ഗുണം ചെയ്യും.
മഞ്ഞൾപ്പാൽ: മഞ്ഞൾപ്പാൽ ഒരു പ്രകൃതിദത്ത ആൻറിസെപ്റ്റിക്കാണ്. ചെറുചൂടുള്ള മഞ്ഞൾപ്പാൽ കുടിക്കുന്നത് തൊണ്ടയിലെ വീക്കം കുറയ്ക്കും.
ഇഞ്ചി: ഇഞ്ചിയിലെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകുന്നു. ഇഞ്ചി നീര്, തേൻ, നാരങ്ങാനീർ എന്നിവ ചേർത്ത് കഴിക്കാം.
വെളുത്തുള്ളി: വെളുത്തുള്ളിയിലെ അലിസിൻ എന്ന സംയുക്തം ശക്തമായ ആൻറിബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ തൊണ്ടയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. വെളുത്തുള്ളി ചവയ്ക്കുകയോ വെളുത്തുള്ളി ചേർത്ത ചായ കുടിക്കുകയോ ചെയ്യാം.
കൂടാതെ എല്ലാവർക്കും പരിചിതവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും ആണ് ഉപ്പുവെള്ളം. ചെറുചൂട് വെള്ളത്തിൽ ഉപ്പിട്ട് വായിൽ കൊള്ളുന്നത് തൊണ്ടവേദന കുറയാൻ സഹായിക്കും.
ഈ വീട്ടുവൈദ്യങ്ങൾ അധികമായി ഉപയോഗിച്ചാൽ അസ്വസ്ഥതകൾ ഉണ്ടാകാം. തൊണ്ടവേദന രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ കാണുക.