അട്ടപ്പാടിയിൽ വീണ്ടും ആദിവാസി യുവാവിനെതിരെ ക്രൂരമായ ആൾക്കൂട്ട മർദ്ദനം. പാലൂർ സ്വദേശിയായ മണികണ്ഠനെയാണ് (26) വേര് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ മണികണ്ഠന്റെ തലയോട്ടി പൊട്ടിയിട്ടുണ്ട്. സംഭവത്തിൽ പാലൂർ സ്വദേശിയായ രാമരാജൻ എന്നയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.
ഈ മാസം ഏഴാം തീയതിയാണ് മണികണ്ഠന് നേരെ ആക്രമണം ഉണ്ടായത്. മുളവടികൊണ്ട് മണികണ്ഠന്റെ തലയ്ക്ക് അടിക്കുകയും ദേഹമാസകലം മർദ്ദിക്കുകയും ചെയ്തുവെന്നാണ് വിവരം. എന്നാൽ പരിക്കിന്റെ ഗൗരവം തുടക്കത്തിൽ പുറത്തറിഞ്ഞിരുന്നില്ല. ഒൻപതാം തീയതി കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ മണികണ്ഠൻ തലകറങ്ങി വീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പരിക്കുകൾ ഗുരുതരമാണെന്നും കണ്ടെത്തിയത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് മണികണ്ഠനെ വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇദ്ദേഹം.
പ്രതി രാമരാജനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് മണികണ്ഠന്റെ കുടുംബം ആരോപിക്കുന്നു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കേണ്ട സംഭവമായിട്ടും പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് മണികണ്ഠന്റെ അമ്മയുടെ പരാതി. വാളയാറിലും അട്ടപ്പാടിയിലും സമാനമായ രീതിയിൽ മുൻപും ആക്രമണങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ, ഈ കേസിൽ പൊലീസ് കാണിക്കുന്ന അനാസ്ഥ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.