Share this Article
News Malayalam 24x7
വിജിലിനെ കുഴിച്ചുമൂടിയ കേസ്; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
 Elathur Vijil Murder Case

ഏലത്തൂർ വിജിൽ വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം വിജിലിന്റെ മൃതദേഹം കുഴിച്ചിട്ട ചതുപ്പിലെ കുഴി തുറന്ന് അസ്ഥികൾ ചാക്കിലാക്കി കടലിൽ ഒഴുക്കിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. വിജിലിന്റെ ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ചെന്നും പ്രതികൾ സമ്മതിച്ചു. കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ കൊയിലാണ്ടി JFCM കോടതി ഇന്ന് പരിഗണിക്കും.


ഒന്നാം പ്രതി നിഖിൽ, മൂന്നാം പ്രതി ദീപേഷ് എന്നിവരാണ് ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. എട്ടുമാസം മുൻപ്, ഇവർ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി കുഴിമാന്തി അസ്ഥികൾ ശേഖരിക്കുകയും പിന്നീട് കടലിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് മൊഴി. വിജിലിന്റെ ബൈക്ക് കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചതായും ഫോൺ മറ്റൊരിടത്ത് ഉപേക്ഷിച്ചതായും ഇവർ പോലീസിനോട് പറഞ്ഞു.


അതേസമയം, പ്രതികളുടെ മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണിതെന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊലപാതകം നടന്ന സ്ഥലത്തും മൃതദേഹം കുഴിച്ചിട്ട ചതുപ്പിലും എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്താനാണ് തീരുമാനം. അസ്ഥികളുടെ അവശിഷ്ടങ്ങൾ കണ്ടെത്താനായി ചതുപ്പിൽ കൂടുതൽ പരിശോധന നടത്തും. കൂടാതെ, ഉപേക്ഷിച്ച ബൈക്കും ഫോണും കണ്ടെത്തേണ്ടതുണ്ട്.


ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കൊയിലാണ്ടി JFCM കോടതി ഇന്ന് അപേക്ഷ പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയായ രഞ്ജിത്ത് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories