പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂർ അകലാട് സ്വദേശി കല്ലിവളപ്പിൽ ഷെഫീഖിനെയാണ് (43) കുന്നംകുളം പ്രത്യേക പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.
2021 ഒക്ടോബർ മാസത്തിൽ പ്രതിയുടെ വീട്ടിൽ വെച്ച് പലതവണയായി കുട്ടിയെ ലൈംഗികമായി അതിക്രമിച്ചു എന്നതാണ് കേസ്. പ്രതി വിരൽ ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിൽ അസ്വാഭാവികതയും വേദനയും ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ മുത്തശ്ശിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. അവർ മലപ്പുറം ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് ചൈൽഡ് ലൈൻ വടക്കേക്കാട് പൊലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടക്കേക്കാട് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ മിനിത രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്നത്തെ ഇൻസ്പെക്ടർ അമൃതരംഗനാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കുകയും വിദഗ്ധ കൗൺസിലിംഗ് നൽകുകയും ചെയ്തിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. കെ.എൻ. അശ്വതി എന്നിവർ ഹാജരായി. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യത്തിൽ പ്രതിക്ക് ലഭിച്ച കടുത്ത ശിക്ഷയെ നിയമവൃത്തങ്ങൾ സ്വാഗതം ചെയ്തു.