ആലപ്പുഴ കൈനഗിരിയിൽ ഗർഭിണിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ മുതുകോട് സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
2021-ലാണ് പുളിപ്ര സ്വദേശി അനിതയെ പ്രബീഷും ഇയാളുടെ വനിതാ സുഹൃത്തായ രജനിയും ചേർന്ന് കൊലപ്പെടുത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയുമായും രജനിയുമായും അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിനെത്തുടർന്ന് ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ 9-ന് ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനഗിരിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് പ്രബീഷ് അനിതയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പുറത്തേക്ക് ശബ്ദം കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിക്കുകയും ചെയ്തു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്ന് കരുതി ഇരുവരും ചേർന്ന് മൃതദേഹം കായലിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ രജനിയെയും കോടതി കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. ഇവരുടെ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും.