പാലക്കാട് വാളയാറിൽ മോഷ്ടാവെന്നാരോപിച്ച് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കുന്നു. കേസിൽ നിലവിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതുവരെ ഏഴ് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
പ്രതികൾക്കെതിരെ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം (SC/ST Act) തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ ഏഴ് പേർക്ക് പുറമെ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
അതിനിടെ, കേസിലെ ചില പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അയൽസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അനാവശ്യമായി മോഷണക്കുറ്റം ആരോപിച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് രാംനാരായണനെ ക്രൂരമായി മർദ്ദിച്ചത്.