Share this Article
KERALAVISION TELEVISION AWARDS 2025
നടിയെ ആക്രമിച്ച കേസ്; നിർണായക വിധി ഇന്ന്; ദിലീപ് അടക്കം 10 പ്രതികൾ
Actress Assault Case Verdict Today

കേരളം ഒന്നാകെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. നീണ്ട എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് കേസിൽ വിധി പറയുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കേസ് പരിഗണിക്കുന്ന കോടതിയിൽ എട്ടാം പ്രതിയായ നടൻ ദിലീപ്, ഒന്നാം പ്രതി പൾസർ സുനി എന്നിവരടക്കം കുറ്റപത്രത്തിലുള്ള പത്തു പ്രതികളോടും നേരിട്ട് ഹാജരാകാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ദിലീപിനെതിരെ ഗൂഢാലോചന കുറ്റവും പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്കെതിരെ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തതിനും മറ്റു പ്രതികൾക്കെതിരെ സഹായം ചെയ്തതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെട്ടതോടെയാണ് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കം. തുടർന്ന് നടന്ന അന്വേഷണത്തിൽ പൾസർ സുനി പിടിയിലാവുകയും മാസങ്ങൾക്ക് ശേഷം ഗൂഢാലോചന കുറ്റത്തിന് നടൻ ദിലീപ് അറസ്റ്റിലാവുകയും 85 ദിവസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.


വിചാരണാ വേളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരടക്കം 22 സാക്ഷികൾ കൂറുമാറിയത് കേസിനെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. വിചാരണ അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നതും കേസിൽ തുടരന്വേഷണം നടക്കുന്നതും. കൂടാതെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും, വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചതും കേസിൻ്റെ ഗതിവിഗതികൾ മാറ്റിമറിച്ച സംഭവങ്ങളായിരുന്നു.


അടച്ചിട്ട മുറിയിലായിരുന്നു സാക്ഷി വിസ്താരം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്. പ്രതികൾ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തിലായിരിക്കും ഇന്ന് കോടതിയുടെ പ്രാഥമിക തീരുമാനം ഉണ്ടാവുക. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കാനാണ് സാധ്യത. വിധി പ്രസ്താവത്തിന് മുന്നോടിയായി കോടതി പരിസരത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിജീവിതയുടെയും വനിതാ കൂട്ടായ്മകളുടെയും നീണ്ട കാലത്തെ പോരാട്ടത്തിന്റെ ഫലം കൂടിയാകും ഇന്നത്തെ വിധി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories