കോഴിക്കോട് വെസ്റ്റിൽ സ്വദേശി വിജിൽ തിരോധാനം ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. സരോവരം ചതുപ്പിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ വിജിലിന്റേത് തന്നെയാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചു.
2019 മാർച്ച് 20-നാണ് വെസ്റ്റിൽ ചുങ്കം സ്വദേശിയായ വിജിലിനെ കാണാതാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ പ്രതികൾ സരോവരത്തെ ചതുപ്പിൽ കുഴിച്ചിട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറ് വർഷങ്ങൾക്ക് ശേഷം പൊലീസ് ചതുപ്പിൽ തിരച്ചിൽ നടത്തിയത്.
തിരച്ചിലിൽ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് വിജിലിന്റേത് തന്നെയാണെന്ന് ഫൊറൻസിക് സ്ഥിരീകരിച്ചതോടെ, കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെയുള്ള തുടർ നിയമനടപടികളുമായി പോലീസ് മുന്നോട്ട് പോകും. കേസിൽ വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും, ദീപേഷും, രഞ്ജിത്തും ഉൾപ്പെടെയുള്ളവരാണ് പ്രതികൾ. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനെ തുടർന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.