കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും.
2023 മെയ് 10-ന് പുലർച്ചെയായിരുന്നു കേരള മനസ്സാക്ഷിയെ മരവിപ്പിച്ച ഈ കൊലപാതകം നടന്നത്. അക്രമത്തിൽ പരിക്കേറ്റ് ചികിത്സ തേടാനായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതായിരുന്നു കുടവട്ടൂർ സ്വദേശിയും സ്കൂൾ അധ്യാപകനുമായ സന്ദീപിനെ. ഡ്രസ്സിംഗ് റൂമിൽ മുറിവ് തുന്നിക്കെട്ടുന്നതിനിടെ, യാതൊരു പ്രകോപനവുമില്ലാതെ സന്ദീപ് കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ കുത്തി വീഴ്ത്തുകയായിരുന്നു. ശരീരത്തിൽ 11 തവണയാണ് വന്ദനയ്ക്ക് കുത്തേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾക്കും പരിക്കേറ്റിരുന്നു.
കേസിൽ 136 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് വന്ദനയുടെ പിതാവ് കെ.ജി. മോഹൻദാസും അമ്മ വസന്തകുമാരിയും പ്രതികരിച്ചത്. യുവ ഡോക്ടറുടെ ദാരുണ അന്ത്യം സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച വലിയ ചർച്ചകൾക്കും നിയമനിർമ്മാണങ്ങൾക്കും വഴിതുറന്നിരുന്നു.