Share this Article
News Malayalam 24x7
ഹേമചന്ദ്രൻ കൊലക്കേസ്; DNA ഫലം പുറത്ത്
Hemachandran Murder Case

വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ചേരമ്പാടി വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയാണെന്ന് DNA പരിശോധനയിൽ സ്ഥിരീകരിച്ചു. കണ്ണൂരിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയുടെ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു.

കഴിഞ്ഞ ജൂൺ 28-നാണ് തമിഴ്നാട് അതിർത്തിയിലെ ചേരമ്പാടി വനത്തിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഹേമചന്ദ്രന്റെ മൃതദേഹമാണെന്ന സംശയം ഉയർന്നത്. ഹേമചന്ദ്രനെ 2024 മാർച്ച് മുതൽ കാണാതായിരുന്നു. കോഴിക്കോട് നടപ്പാലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ഭാര്യ എൻ.എം. സുഭിഷ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകുന്നതിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിലെ മുഖ്യപ്രതിയായ നൗഷാദ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

DNA പരിശോധനാഫലം വൈകുന്നത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നത് തടസ്സപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹേമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. രണ്ട് മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ ഫലം പുറത്തുവന്നിരിക്കുന്നത്. പരിശോധനാഫലത്തിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും അന്ത്യകർമ്മങ്ങൾ നടത്താൻ സൗകര്യമൊരുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories