ഹൈദരാബാദ്: മോഷണത്തിന് പിന്നാലെ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.വീട്ടിൽ കയറിയ മോഷ്ടാക്കൾ ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം ഇവർ കുളിച്ചതിന്‍റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഹൈദരാബാദിലെ കുക്കാട്ട്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ ബുധനാഴ്ചയാണ് രേണു(50)വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രഷർ കുക്കർ ഉപയോഗിച്ച് യുവതിയുടെ തലയിൽ അടിച്ചു കൊലപ്പെടുത്തുകയും തുടർന്ന് കത്തിയും കത്രികയും ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപ്പെടുത്തുന്ന സമയത്ത് കൊലയാളികൾ ധരിച്ച വസ്ത്രങ്ങൾ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ വീട്ടുജോലിക്കാരനും കൂട്ടാളിയുമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
യുവതിയിൽനിന്ന് 40 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയതായും റിപ്പോർട്ടിൽ പറയുന്നു.സംഭവം നടക്കുമ്പോൾ രേണു മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൈകുന്നേരമായിട്ടും രേണു വിളിക്കാത്തതിനെ തുടർന്ന് ജോലിക്ക് പോയ ഭർത്താവിന് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേണു കൊല്ലപ്പെട്ടത് അറിയുന്നത്.
കൊലപാതകം നടന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ രേണുവിന്‍റെ വീട്ടിൽ ജോലി ചെയ്തിരുന്ന ജോലിക്കാരനും സുഹൃത്തും വീട്ടിൽ എത്തിയതിന്‍റെയും മടങ്ങിയതിന്‍റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.