Share this Article
News Malayalam 24x7
ഡല്‍ഹി സ്‌ഫോടനം; നിര്‍ണായ വിവരങ്ങള്‍ പുറത്ത്
Delhi Blast

ഡൽഹിയിലെ ചെ​ങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. രാജ്യത്ത് ഭീകരാക്രമണം നടത്താൻ മാസങ്ങൾ നീണ്ട ആസൂത്രണമാണ് പ്രതികൾ നടത്തിയതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തി. ആശയവിനിമയത്തിനായി സ്വിസ് ആപ്ലിക്കേഷനായ 'ത്രീമ' (Threema) ആണ് ഉപയോഗിച്ചതെന്നും അന്വേഷണസംഘം അറിയിച്ചു.

പിടിയിലായ ഡോക്ടർമാരിൽ പലരും പാകിസ്ഥാൻ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രതികൾ പാകിസ്ഥാൻ സന്ദർശിച്ചു. ചാവേർ ആക്രമണങ്ങൾ, സ്ഫോടക വസ്തുക്കളുടെ നിർമ്മാണം, സുരക്ഷാ ഉദ്യോഗസ്ഥരെയും സിസിടിവി ക്യാമറകളെയും എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ത്രീമ ആപ്ലിക്കേഷൻ വഴി കൈമാറ്റം ചെയ്യപ്പെട്ടു.


തുർക്കി സന്ദർശിച്ച ഉമർ നബി ഉൾപ്പെടെയുള്ളവർ ഭീകരാക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി രഹസ്യ സ്വഭാവമുള്ള സ്ഥലങ്ങളുടെ മാപ്പുകൾ, ഉപഗ്രഹ ചിത്രങ്ങൾ, ലാൻഡ്‌മാർക്കുകൾ എന്നിവയെല്ലാം കൈമാറിയിരുന്നു. സ്ഫോടനങ്ങൾ നടത്തുന്നതിനുള്ള രീതികളും ബോംബുകൾ സ്വയം നിർമ്മിക്കുന്നതിനുള്ള വിവരങ്ങളും കൈമാറ്റം ചെയ്തതായി എൻഐഎ വെളിപ്പെടുത്തി.


ജെയ്ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ ഡോക്ടർമാരെന്നും എൻഐഎ കണ്ടെത്തി. കശ്മീർ സ്വദേശിയായ ആദിൽ റാവുത്തർ ആയിരുന്നു ആദ്യം അറസ്റ്റിലായത്. ഇയാളെ ഉത്തർപ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പിന്നീട്, ആദിൽ റാവുത്തറുടെ സഹോദരൻ മുസാഫിർ റാവുത്തറിനെയും എൻഐഎ പിടികൂടി. പാകിസ്ഥാനിലേക്ക് പോകാനുള്ള സഹായങ്ങൾ ചെയ്തു നൽകിയത് മുസാഫിർ ആണെന്നാണ് കണ്ടെത്തൽ. മുസാഫിർ റാവുത്തറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും എൻഐഎ ഒരുങ്ങുകയാണ്.


അറസ്റ്റിലായ ഡോക്ടർമാരിൽ ഷഹീൻ സയീദ് എന്ന വനിതാ ഡോക്ടറും ഉൾപ്പെടുന്നു. ഷഹീൻ, ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ പ്രവർത്തകയാണെന്ന് എൻഐഎ അറിയിച്ചു. മസൂദ് അസ്ഹറിന്റെ അനന്തരവന്റെ ഭാര്യ ആരിഫാ ബീവിയെ സന്ദർശിക്കുന്നതിനായി ഷഹീൻ പാകിസ്ഥാനിലേക്ക് പോയിരുന്നു. പാകിസ്ഥാനിൽ വെച്ച് ആരിഫാ ബീവിയുമായി കൂടിക്കാഴ്ച നടത്തിയതായും എൻഐഎക്ക് വിവരം ലഭിച്ചു. ജെയ്ഷെ മുഹമ്മദ് വനിതാ സംഘത്തിന് പരിശീലനം നൽകുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.


ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) പുറത്തുവിട്ട അറിയിപ്പ് പ്രകാരം, സുരക്ഷാ കാരണങ്ങളാൽ ചെങ്കോട്ട മെട്രോ സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്. മറ്റ് സ്റ്റേഷനുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories