ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും ചാറ്റുകളുടെയും പണമിടപാടുകളുടെയും തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി ലഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു തട്ടിപ്പ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ പൊലീസും മറ്റ് സംവിധാനങ്ങളും ചില അവ്യക്തതകൾ നേരിടുന്നുണ്ട്.
നിലവിൽ 19 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ 10 പേരെ പൊലീസ് പിടികൂടി. ബാക്കിയുള്ള 9 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികളിൽ ഭൂരിഭാഗവും. വിവിധ സ്റ്റേഷനുകളിലായി 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടിയെ വിശദമായി ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. കുട്ടിയുടെ മാനസികനില മെച്ചപ്പെട്ട ശേഷം കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രായപൂർത്തിയാകാത്ത ആൺകുട്ടി എങ്ങനെയാണ് ഡേറ്റിംഗ് ആപ്പിൽ ലോഗിൻ ചെയ്തതെന്നും, പ്രതികൾക്ക് കുട്ടിയുടെ പ്രായം അറിയാമായിരുന്നോ എന്നതിലും അവ്യക്തത തുടരുകയാണ്. പ്രതികൾ പരസ്പരം അറിയുന്നവരല്ലെന്നും ആപ്പ് വഴിയാണ് പരിചയപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.