ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രതിയായ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇതോടെ, തിരോധാനക്കേസ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നിരിക്കുകയാണ്. പ്രതി പണയം വെച്ച സ്വർണാഭരണങ്ങൾ ജൈനമ്മയുടേതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2023 ഡിസംബർ 23-നാണ് ഏറ്റുമാനൂർ സ്വദേശിനിയായ ജൈനമ്മയെ കാണാതാകുന്നത്. തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നത്. ജൈനമ്മയുടെ ഫോൺ സിഗ്നൽ അവസാനമായി കാണിച്ചത് പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തുള്ള വീടിന്റെ പരിസരത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ പിൻഭാഗത്തുള്ള മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് രക്തക്കറ ജൈനമ്മയുടേതാണെന്ന് ഉറപ്പിച്ചത്. ഇതോടെ കേസിന്റെ ഗതി മാറുകയായിരുന്നു. പ്രതിയായ സെബാസ്റ്റ്യൻ ചേർത്തലയിലെ വിവിധ സഹകരണ ബാങ്കുകളിലായി പണയം വെച്ച പത്ത് പവനോളം സ്വർണം ജൈനമ്മയുടേതാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പണത്തിനും സ്വർണത്തിനും വേണ്ടിയാണ് സെബാസ്റ്റ്യൻ ജൈനമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച അസ്ഥിക്കഷണങ്ങൾക്ക് നാല് വർഷത്തോളം പഴക്കമുണ്ടെന്ന് കണ്ടെത്തിയതിനാൽ കേസിൽ കൂടുതൽ ദുരൂഹതയുണ്ടായിരുന്നു. എന്നാൽ, പുതിയ തെളിവുകൾ കേസിന് വ്യക്തമായ ദിശാബോധം നൽകിയിരിക്കുകയാണ്. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ ജൈനമ്മയെ പരിചയമുണ്ടെന്ന് മാത്രമാണ് സെബാസ്റ്റ്യൻ സമ്മതിച്ചിരുന്നത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.