Share this Article
KERALAVISION TELEVISION AWARDS 2025
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; സഹോദരന്‍ പ്രമോദ് നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kozhikode Sisters' Murder: CCTV Footage Shows Brother Pramod Walking Away After Crime

കോഴിക്കോട് കടമ്പാട്ട്താഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതോടെ, പ്രതി കോഴിക്കോട് നഗരം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.


കൊലപാതകത്തിന് ശേഷം പുലർച്ചെ അഞ്ചുമണിയോടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ച ശേഷമാണ് പ്രമോദ് വീട്ടിൽ നിന്നിറങ്ങിയത്. ഇയാളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അവസാനമായി കാണിച്ചത് ഫറോക്ക് പാലത്തിന് സമീപമാണ്. ഫോൺ പുഴയിൽ ഉപേക്ഷിച്ച ശേഷം പ്രമോദ് രക്ഷപ്പെട്ടിരിക്കാമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമുള്ള സംശയങ്ങൾ ബലപ്പെടുന്നുണ്ട്. ട്രെയിൻ മാർഗം മറ്റേതെങ്കിലും സ്ഥലത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.


പ്രതിക്കായി പൊലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സഹോദരിമാരായ ശ്രീജയുടെയും പുഷ്പലളിതയുടെയും ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമുണ്ടായ മാനസിക സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരിമാരെ ഏറെ സ്നേഹിച്ചിരുന്ന പ്രമോദ്, അവരുടെ ദുരിതപൂർണ്ണമായ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതാകാമെന്നും പൊലീസ് കരുതുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories