ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സുഭാഷ് മാർഗിൽ നടന്ന സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് നബി തന്നെയാണെന്ന് ഡി.എൻ.എ. പരിശോധനാഫലം സ്ഥിരീകരിച്ചു. ഉമറിന്റെ മാതാവിൽ നിന്നും സഹോദരനിൽ നിന്നും ശേഖരിച്ച ഡി.എൻ.എ. സാമ്പിളുകൾ കാറിൽ നിന്ന് ലഭിച്ച അസ്ഥിക്കഷ്ണങ്ങളുമായി 100% യോജിക്കുന്നതായി പോലീസ് അറിയിച്ചു.
മറ്റൊരു മെഡിക്കൽ വിദ്യാർത്ഥിയായ മുഹമ്മദ് ആരിഫിനെ കാൺപൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തതോടെ, നിലവിൽ കേസിൽ കസ്റ്റഡിയിലുള്ള ഡോക്ടർമാരുടെ എണ്ണം ആറായി. അൽഫലാ യൂണിവേഴ്സിറ്റിയിലും അനന്തനാഗ് മെഡിക്കൽ കോളേജിലുമായി ജോലി ചെയ്യുന്ന ഡോക്ടർമാർക്കാണ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡോ. ഉമറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ സ്ഫോടന പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളടങ്ങിയ ഡയറിക്കുറിപ്പുകൾ കണ്ടെത്തി. 2022-ൽ തന്നെ ഉമർ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയിരുന്നതായി ഈ ഡയറിക്കുറിപ്പുകളിൽ പറയുന്നു. തുർക്കിയിൽ നിന്നാണ് ഈ പദ്ധതികൾ തയ്യാറാക്കിയത്.
"ഓപ്പറേഷൻ", "മിഷൻ" തുടങ്ങിയ കോഡ് വാക്കുകളും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ വിവരങ്ങളും ഡയറിക്കുറിപ്പുകളിലുണ്ട്. സ്ഫോടനങ്ങൾക്കായി മൂന്ന് വാഹനങ്ങൾ വാങ്ങിച്ചതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ ആറ് ഇടങ്ങളിൽ ഒരേ സമയം സ്ഫോടന പരമ്പര നടത്താനായിരുന്നു ഇവരുടെ പദ്ധതി.
ഡി.എൻ.എ. പരിശോധനാഫലം ലഭിച്ചതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് എൻ.ഐ.എ. ഉമറിന്റെ സഹോദരന്റെയും മറ്റ് അഞ്ച് ഡോക്ടർമാരുടെയും ഡയറിക്കുറിപ്പുകളും ഫോൺ രേഖകളും കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഇവ ഡീകോഡിങ് ചെയ്യേണ്ടതുണ്ട്.
ഇതുവരെ 15-ൽ അധികം പേരെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാൽ കില മെട്രോ സ്റ്റേഷൻ സുരക്ഷാ കാരണങ്ങളാൽ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണെന്ന് ഡൽഹി മെട്രോ അതോറിറ്റി അറിയിച്ചു. മറ്റ് സ്റ്റേഷനുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.