നഗരത്തിലെ സ്പായിൽ നടന്ന ക്രൂരമായ കൂട്ടബലാത്സംഗം ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്നുണ്ടായ അതിക്രമമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബിസിനസ് തർക്കത്തെത്തുടർന്നുള്ള കൊട്ടേഷൻ ആക്രമണമാണെന്ന് സ്പാ ഉടമ നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും, ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ ഇത് തെറ്റാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പണം ആവശ്യപ്പെട്ട് സ്പായിലെത്തിയ സംഘം, അത് നൽകാത്തതിലുള്ള വിരോധം തീർക്കാൻ അതിക്രമം നടത്തുകയായിരുന്നു.
കേസിലെ ആറ് പ്രതികളും ഇപ്പോൾ പൊലീസ് പിടിയിലായിട്ടുണ്ട്. ഒളിവിലായിരുന്ന കിരൺ, സജിൻ എന്നിവർ തിരുവല്ല പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയതോടെയാണ് മുഴുവൻ പ്രതികളും വലയിലായത്. കേസിലെ പ്രധാന പ്രതിയായ 'മരണം സുബിൻ' എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ്, വരുൺ കുമാർ, പ്രഷോബ് എന്നിവരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്ക് ഗുണ്ടാസംഘങ്ങളുമായുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പാകളിൽ നിന്ന് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നതായും ക്രിമിനൽ സംഘങ്ങളെ വഴിവിട്ട് സഹായിക്കുന്നതായും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
കേസിലെ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.