നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് 3.30ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിലെ ഒന്നു മുതൽ ആറ് വരെയുള്ള ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷാവിധി സംബന്ധിച്ച വാദം കോടതിയിൽ പൂർത്തിയായി. ഒന്നാം പ്രതിയായ പൾസർ സുനിക്കടക്കം എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം തടവോ അല്ലെങ്കിൽ 20 വർഷത്തിൽ കുറയാത്ത തടവോ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിൽ എല്ലാവർക്കും പങ്കുണ്ടെന്നും അതിജീവിതയുടെ മാനസികാവസ്ഥയും അപമാനവും പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ പ്രതിഭാഗം ശിക്ഷയിൽ ഇളവ് തേടി. രണ്ടാം പ്രതിയായ മാർട്ടിൻ തനിക്ക് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും കേസിൽ നേരിട്ട് പങ്കില്ലെന്നും, ജയിൽ മോചിതനാകണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ വിതുമ്പി. തനിക്ക് പ്രായമായ അമ്മയും മക്കളുമുണ്ടെന്നും പ്രതികൾ കോടതിയിൽ ബോധിപ്പിച്ചു. പൾസർ സുനിയുടെ അഭിഭാഷകനും ശിക്ഷാ ഇളവ് തേടിയിട്ടുണ്ട്.
വിധി സമൂഹത്തിന് വേണ്ടിയാണോ എഴുതേണ്ടത് എന്നടക്കം കോടതി പരാമർശം നടത്തി. പ്രതിഭാഗത്തിന്റെ വാദങ്ങളോട് പ്രതികരിച്ച കോടതി, കുറ്റകൃത്യത്തിന്റെ കാഠിന്യം ഒന്നാണെങ്കിൽ എല്ലാവർക്കും ഒരേ ശിക്ഷ തന്നെ നൽകേണ്ടതല്ലേ എന്ന് ചോദിച്ചു. കൂടാതെ, കോടതി അലക്ഷ്യ കേസുകൾ ഈ മാസം 18ന് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
മണിക്കൂറുകളോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ, ശിക്ഷാവിധി ഇന്ന് 3:30ന് പ്രഖ്യാപിക്കാനിരിക്കെ, കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു വിധിയാണിത്.