കോഴിക്കോട് ബത്തേരിയിലെ ഹേമചന്ദ്രൻ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബത്തേരി സ്വദേശി മെൽബിൻ മാത്യുവിനെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാം പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന മെൽബിൻ മാത്യു. നേരത്തെ മുഖ്യപ്രതി നൗഷാദിനെയും കൂട്ടുപ്രതികളായ ജ്യോതിഷ് കുമാർ, അജേഷ്, വൈശാഖ് എന്നിവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മെൽബിൻ മാത്യു കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാൽ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ വിവരം മറച്ചുവെച്ച് പ്രതികൾക്ക് സഹായം നൽകി. തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനും പ്രതികൾക്കും ഒപ്പം ഒരേ കാറിൽ സഞ്ചരിക്കുകയും ഇവർ തമ്മിലുള്ള പണമിടപാട് കരാറിൽ സാക്ഷിയായി ഒപ്പിടുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം ഇക്കാര്യം കണ്ടെത്തിയതോടെയാണ് മെൽബിൻ മാത്യുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.