കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി കെ.ടി.വിജിലിനെ കുഴിച്ചുമൂടിയ കേസിൽ ശേഖരിച്ച ഡിഎൻഎ സാമ്പിൾ കോടതി മുഖേന ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. കണ്ണൂരിലെ റീജിയണൽ ലാബിലാണ് ഡിഎൻഎ പരിശോധന നടക്കുക. പരിശോധനാ ഫലം നേരത്തേ ലഭിക്കാൻ അന്വേഷണസംഘം കോടതിയുടെ അനുമതി തേടും.
വിജിൽ കേസിൽ കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടത്തിൽ നിന്നുള്ള എല്ല് ഫോറൻസിക് നേരത്തെ തന്നെ പൊലീസിന് കൈമാറിയിരുന്നു. കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ വിജിലന്റേത് തന്നെ എന്ന് തെളിയിക്കാനുള്ള ഡി.എൻ.എ പരിശോധനയ്ക്കായാണ് നടപടി. ഇതിന്റെ തുടർച്ചയായി വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു. അവയാണ് ഇന്ന് കോടതി മുഖേന കണ്ണൂരിലെ റീജിയണൽ ലാബിലേക്ക് പരിശോധനയ്ക്കായി കൈമാറുന്നത്.
സാധാരണയായി ഡിഎൻഎ പരിശോധനാഫലം ലഭിക്കാൻ ഒരു മാസമോ അതിൽ കൂടുതലോ എടുക്കാറുണ്ട്. എന്നാൽ ഈ കേസിന്റെ അപൂർവ്വ സാഹചര്യം പരിഗണിച്ച് നടപടി വേഗത്തിലാക്കണമെന്ന് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെടും. കോടതി അനുമതിയോടെ ഫലം വേഗത്തിൽ ലഭിക്കുകയാണെങ്കിൽ തിരോധാന കേസ് ആയി എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസിന്റെ അന്വേഷണ ചുമതല സംഭവസ്ഥലം നിലനിൽക്കുന്ന നടക്കാവ് പൊലീസിന് കൈമാറും.
ആറര വർഷം മുൻപാണ് വീട്ടിൽ നിന്നും ബൈക്കുമായി ഇറങ്ങിയ വിജിലിനെ കാണാതായത്. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് വിജിലിന്റെ മൃതദേഹം കുഴിച്ചുമൂടി എന്ന രഹസ്യം ചുരുളഴിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനിടെ അബോധാവസ്ഥയിലായ വിജിലിനെ പിന്നീട് സുഹൃത്തുക്കൾ തന്നെ കുഴിച്ചുമൂടി എന്നാണ് അവർ നൽകിയ മൊഴി.