39 വർഷം മുമ്പ് തന്റെ കൗമാരപ്രായത്തിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ഒരാളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ നടത്തിയതിന് റിമാൻഡിലായ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലി മറ്റൊരു കൊലപാതകം നടത്തിയെന്നും പുതിയ വെളിപ്പെടുത്തൽ. 36 വർഷം മുൻപ് കോഴിക്കോട് ബീച്ചിൽ വെച്ച് മറ്റൊരാളെ കൊന്നു എന്നാണ് മുഹമ്മദലി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിൽ വെച്ച് കൊലപാതകം നടത്തിയെന്ന കേസിൽ വിശദമായ അന്വേഷണത്തിനായി തിരുവമ്പാടി പൊലീസ് ഇരിട്ടിയിലേക്ക് തിരിക്കും.
തന്റെ പതിനാലാം വയസ്സിൽ കോഴിക്കോട് കൂടരഞ്ഞിയിൽ ജോലിചെയ്യുന്നതിനിടെ താൻ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ട് കൊലപ്പെടുത്തിയതായി ജൂൺ 5നാണ് മുഹമ്മദലി മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിനെ തുടർന്ന് അറസ്റ്റ് ചെയ്ത് മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഹമ്മദലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്നാണ് പുതിയ മൊഴി നൽകിയിരിക്കുന്നത്. കൂടരഞ്ഞി സംഭവത്തിനുശേഷം മൂന്നുവർഷം കഴിഞ്ഞാണ് കോഴിക്കോട് ബീച്ചിൽ സുഹൃത്തിനൊപ്പം ചേർന്ന് മറ്റൊരാളെ കൊലപ്പെടുത്തിയത് എന്ന് മൊഴിയിൽ വ്യക്തമാക്കുന്നു.
രണ്ടു കൊലപാതകങ്ങളും നടത്തുമ്പോൾ ആന്റണി എന്നായിരുന്നു പേര്. പിന്നീട് രണ്ടാം വിവാഹസമയത്ത് ആണ് മുഹമ്മദലി എന്ന പേര് സ്വീകരിക്കുന്നത്. രണ്ട് വെളിപ്പെടുത്തലുകളുമായി സാമ്യമുള്ള മരണങ്ങൾ 1986 ൽ കൂടരഞ്ഞിയിലും 1989ൽ കോഴിക്കോട് ബീച്ചിലും നടന്നതായി പത്രവാർത്തയുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതു രണ്ടും കൊലപാതകം ആണോ എന്നതിന് തെളിവില്ല. രണ്ടിടത്തും കാണപ്പെട്ട മൃതദേഹങ്ങൾ ആരുടേതൊക്കെ ആണ് എന്നതിനും വ്യക്തതയില്ല.
കൂടരഞ്ഞിയിലെ തോട്ടിൽ 39 വർഷം മുമ്പ് കാണപ്പെട്ട മൃതദേഹം ഇരിട്ടി സ്വദേശിയുടേതാണ് എന്ന നിഗമനത്തിൽ അവിടേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് തിരുവമ്പാടി പൊലീസ്. കോഴിക്കോട് ബീച്ചിൽ 36 വർഷം മുമ്പ് കാണപ്പെട്ട മൃതദേഹം സംബന്ധിച്ച് നടക്കാവ് പൊലീസ് ആണ് അന്വേഷണം നടത്തിയിരുന്നത്. രണ്ട് അന്വേഷണങ്ങളും ഏകോപിപ്പിക്കാൻ കോഴിക്കോട് ടൗൺ എസിപി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. തന്റെ ഒരു മകൻ മരിക്കുകയും രണ്ടാമത്തെ മകന് അപകടം സംഭവിക്കുകയും ചെയ്തപ്പോഴാണ് മുഹമ്മദലി വെളിപ്പെടുത്തലുമായി എത്തിയത്. അതുകൊണ്ടുതന്നെ വെളിപ്പെടുത്തലിൽ വസ്തുതയുണ്ടോ, മാനസിക പ്രശ്നം ആണോ കാരണം തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.