നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ വിധി പ്രസ്താവമാണ് നാളെ നടക്കുക.
കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. നടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുയും ചെയ്ത പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പ്രതികൾ ഉൾപ്പെടെ പത്തുപേരാണ് വിചാരണ നേരിട്ടത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം തീർക്കാൻ ദിലീപ് 'കൊട്ടേഷൻ' നൽകി എന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് നടി വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ തന്നെ കേസിൽ കുടുക്കിയതാണെന്നും, പ്രോസിക്യൂഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നുമാണ് ദിലീപിന്റെ വാദം. നീണ്ട നാളത്തെ വിചാരണയ്ക്ക് ശേഷമാണ് കേസ് ഇപ്പോൾ വിധി പറയുന്ന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.