ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അതുല്യയെ കൊലപ്പെടുത്തുമെന്ന് ഭർത്താവ് സതീഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇവയെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിന് ദിവസങ്ങൾ മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണിവയെന്നും കുടുംബം പറയുന്നു.
ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ശബ്ദം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഇത് വിചാരണ വേളയിൽ പരിഗണിക്കപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതുല്യ ആത്മഹത്യ ചെയ്യുന്നതിന് പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. അതുല്യ വീടുവിട്ട് അനുജത്തിയുടെ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്ന സമയത്താണ് സതീഷ് വധഭീഷണി മുഴക്കിയത്. ഈ ദൃശ്യങ്ങൾ കുടുംബകോടതിയിൽ അതുല്യയുടെ ബന്ധുക്കൾ സമർപ്പിച്ചിട്ടുണ്ട്.
സതീഷിനെതിരെ നേരത്തെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനും ലോക്കൽ പൊലീസ് കേസെടുത്തിരുന്നു. നിലവിൽ ഈ കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. മൂന്നാഴ്ച മുൻപാണ് സതീഷ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്ത് വെച്ച് ക്രൈംബ്രാഞ്ച് സംഘം സതീഷിനെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു, പിന്നീട് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയച്ചു.
സതീഷിന് ഇനി ഷാർജയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. സതീഷ് കേരളത്തിൽ തുടരാനാണ് നിലവിലെ നിർദേശം. അതുല്യയുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെയുള്ളവ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രാസപരിശോധന ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ പൂർത്തിയായാൽ മാത്രമേ ഇത് കൊലപാതകമാണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.