കണ്ണൂർ കല്യാട്ടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട്, വീട്ടിലെ മരുമകളായ യുവതിയെ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് സ്വദേശി സുഭാഷിന്റെ ഭാര്യ ദർശിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദർശിതയുടെ സുഹൃത്തും പെരിയപട്ടണം സ്വദേശിയുമായ സിദ്ധരാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊടക് ശാലിഗ്രാമിലെ ലോഡ്ജ് മുറിയിലാണ് ദർശിതയുടെ മൃതദേഹം കണ്ടെത്തിയത്. വായിൽ സ്ഫോടകവസ്തു വെച്ച് പൊട്ടിത്തെറിപ്പിച്ച് അതിക്രൂരമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയും മോഷണം പോയത്. മോഷണം നടന്ന ദിവസം ദർശിത കുഞ്ഞുമായി കർണാടകയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
ദർശിതയും സുഹൃത്ത് സിദ്ധരാജുവും ചേർന്ന് ആസൂത്രണം ചെയ്ത കവർച്ചയാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷ്ടിച്ച സ്വർണവും പണവും പങ്കുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കരുതുന്നു. പ്രതിയായ സിദ്ധരാജുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കവർച്ച ചെയ്യപ്പെട്ട സ്വർണവും പണവും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.