മുണ്ടൂരിൽ 75 വയസുകാരിയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ വയോധികയുടെ മകളും കാമുകനും പൊലീസിന്റെ പിടിയിലായി. മുണ്ടൂർ സ്വദേശി തങ്കമണി (75) കൊല്ലപ്പെട്ട കേസിലാണ് മകൾ സന്ധ്യ (45), ഇവരുടെ സുഹൃത്തായ ഇരുപത്തേഴുകാരൻ എന്നിവരെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണിയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. തങ്കമണിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുന്നതിന് വേണ്ടിയാണ് മകളും സുഹൃത്തും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
സംഭവത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മകളുടെയും വളരെ പ്രായം കുറഞ്ഞ സുഹൃത്തിന്റെയും പങ്ക് തെളിഞ്ഞത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.