കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അലൻ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ മുബഷിറ അറസ്റ്റിൽ. കുട്ടി കിണറ്റിൽ വീണത് അപകടമല്ലെന്നും കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തി. പോലീസിന്റെ ചോദ്യം ചെയ്യലിൽ മുബഷിറ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. വീട്ടിലെ കിണറ്റിൽ കുഞ്ഞ് വീണ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ കുട്ടി കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് മുബഷിറ മൊഴി നൽകിയിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തുകയും, മുബഷിറ കുറ്റം സമ്മതിക്കുകയുമായിരുന്നു.
താനാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് മുബഷിറ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.