ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണങ്ങൾക്കു തെളിവുകൾ കണ്ടെത്താനായില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഗൂഢാലോചനയുടെ സാധ്യത മാത്രമാണ് അന്വേഷിച്ചതെന്നും എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നും എസ്.ഐ.ടി കോടതിയിൽ വ്യക്തമാക്കി.
ധർമ്മസ്ഥല കൊലപാതക ആരോപണ കേസിലെ സാക്ഷികളായ പുരന്ദര ഗൗഡയും തുക്കാറാം ഗൗഡയും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതി ഗൂഢാലോചനയുടെ കാര്യത്തിൽ വ്യക്തത തേടിയത്. ജസ്റ്റിസ് നാഗപ്രസന്നയാണ് കേസ് പരിഗണിച്ചത്.
ഹർജിക്കാരെ സാക്ഷികളായി പരിഗണിക്കണമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്ന പുതിയ സ്ഥലങ്ങളിൽ പരിശോധന നടത്തണമെന്നും കോടതി എസ്.ഐ.ടിക്ക് നിർദേശം നൽകി. കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ശുചീകരണ തൊഴിലാളി ചിന്നയുടെ മൊഴി ബെൽത്തങ്ങാടി മജിസ്‌ട്രേറ്റിന് മുന്നിൽ എന്തുകൊണ്ട് രേഖപ്പെടുത്തിയില്ലെന്നും കോടതി ചോദിച്ചു. മൊഴി രേഖപ്പെടുത്താത്തത് അസ്വാഭാവിക നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.
കൈവശമുള്ള വിവരങ്ങൾ സെപ്റ്റംബർ 26-ന് നടക്കുന്ന അടുത്ത വാദത്തിൽ സമർപ്പിക്കാൻ ഹർജിക്കാരോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ ബംഗ്ലെഗുഡ്ഡെയിൽ പരിശോധന തുടരാനാണ് എസ്.ഐ.ടിയുടെ തീരുമാനം.