എറണാകുളം കോതമംഗലത്ത് ജീവനൊടുക്കിയ TTC വിദ്യാര്‍ത്ഥിനി സോന എൽദോസിൻ്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. അതേസമയം, അറസ്റ്റിലായ ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വിശദമായി മൊഴിയെടുത്തതിന്‌ശേഷം കൂട്ടുപ്രതിയാക്കി കേസെടുക്കുന്നതില്‍ തീരുമാനമുണ്ടാകും.
റമീസിന്റെ വീട്ടുകാർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി റമീസിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യും. ഇവരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കേസിൽ പ്രതി ചേർത്തേക്കുമെന്നും പൊലീസ് അറിയിച്ചു.
സോനയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനും വീട്ടുകാർക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. റമീസ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായും, മതം മാറാൻ നിർബന്ധിച്ചതായും കുറിപ്പിൽ പറയുന്നു. കൂടാതെ, റമീസിന്റെ വീട്ടുകാരും തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായും സോനയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വിവാഹ വാഗ്ദാനം നൽകി റമീസ് സോനയെ പീഡിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റമീസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ മറ്റ് വകുപ്പുകളും ചുമത്തിയത്. നിലവിൽ റിമാൻഡിലുള്ള റമീസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.