Share this Article
News Malayalam 24x7
സൂരജ് വധക്കേസ്; 9 പ്രതികള്‍ കുറ്റക്കാര്‍
 Sooraj Murder Case

കണ്ണുര്‍ മുഴുപ്പിലിങ്ങാട് ബിജെപി പ്രവര്‍ത്തകന്‍ സുരജ് കൊല്ലപ്പെട്ട കേസില്‍ ഒമ്പത് പ്രതികള്‍ കുറ്റാക്കാര്‍. കേസില്‍ പത്താം പ്രതിയെ വെറുതെ വിട്ടു. തലശ്ശേരി ജില്ല സെഷന്‍സ് കോടതിയുടേതാണ് വിധി. സിപിഐഎം പ്രവര്‍ത്തകരാണ് പ്രതികള്‍. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.

സൂരജ് കൊല്ലപ്പെട്ട് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കം  ഒമ്പത് പ്രതികള്‍ കുറ്റക്കാരാണെന്ന് തലശ്ശേരി കോടതി സെഷന്‍സ് കോടതി കണ്ടെത്തി. പത്താം പ്രതി നാഗത്താന്‍ക്കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. 

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ പിഎം മനോരാജ്, എന്‍. വി യോഗേഷ് , കെ ഷംജിത്ത്,സജീവന്‍,പണിക്കന്റവിടെ വി.പ്രഭാകരന്‍, കെ.വി പത്മനാഭന്‍, പുതിയപുരയില്‍ പ്രദീപന്‍, മനോമ്പേത്ത് രാധകൃഷ്ണന്‍ എന്നിവരാണ്  കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍. 12 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ പി.കെ ഷംസുദ്ദീന്‍, പന്ത്രണ്ടാം പ്രതി ടി പി രവീന്ദ്രന്‍ എന്നിവര്‍ വിചാരണയ്ക്ക് മുന്‍പ് മരിച്ചിരുന്നു. 

കേസില്‍ തുടക്കത്തില്‍ പത്ത് പ്രതികള്‍ക്കെതിരെയായിരുന്നു കേസ്.  ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ രജീഷിന്റെ കുറ്റസമ്മത മൊഴിയെ തുടര്‍ന്ന് രജീഷിനെയും മനോരാജിനെയും പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40 നാണ് ഓട്ടോറിക്ഷയില്‍ എത്തിയ സംഘം മുഴുപ്പിലങ്ങാട് ടെലിഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് വെച്ച് സൂരജിനെ വെട്ടികൊലപ്പെടത്തിയത്. സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories