കൊച്ചി ഫ്ലാറ്റ് പീഡന കേസിലെ പ്രതി മാർട്ടിൻ ജോസഫ് തൃശ്ശൂരിൽ യുവതിയെ കുത്തിയ കേസിൽ പിടിയിൽ. ഇയാൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടെ ഇന്ന് പുലർച്ചെ ഒന്നരയോടെ പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ടുദിവസം മുൻപാണ് തൃശൂർ അടാട്ട് ഉള്ള ഫ്ലാറ്റിൽ വെച്ച് മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുള്ള ശാർമിളയെ ഇയാൾ കത്തികൊണ്ട് കുത്തി ഗുരുതര പരിക്കേൽപ്പിച്ച് രക്ഷപ്പെട്ടത്. യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുമായി ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ച് വരുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. രക്ഷപ്പെട്ട പ്രതിക്കായി ആദ്യഘട്ടത്തിൽ വടക്കൻ ജില്ലകളിൽ അന്വേഷണം വ്യാപിച്ചെങ്കിലും ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നുള്ള വിവരത്തെ തുടർന്ന് പൊലീസ് ബാംഗ്ലൂരിലേക്കും വ്യാപിപ്പിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. മാർട്ടിൻ ജോസഫിന്റെ അറസ്റ്റ് പേരാമംഗലം പൊലീസ് രേഖപ്പെടുത്തി.