മലയാറ്റൂർ മുണ്ടക്കാമറ്റത്ത് 19 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് പൊലീസിന്റെ കസ്റ്റഡിയിൽ. മുണ്ടക്കാമറ്റം സ്വദേശിനിയായ ചിത്രപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചിത്രപ്രിയയുടെ ആൺസുഹൃത്തായ അലൻ കുറ്റം സമ്മതിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ശനിയാഴ്ച കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ചിത്രപ്രിയയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടക്കുകയുമായിരുന്നു.
നാല് ദിവസങ്ങൾക്ക് ശേഷം, ഇന്നലെയാണ് വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള വിജനമായ പറമ്പിൽ നിന്ന് ചിത്രപ്രിയയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകൾ പൊലീസ് കണ്ടെത്തിയിരുന്നു. കൂടാതെ, മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കല്ലിൽ രക്തക്കറയും കണ്ടതോടെയാണ് മരണം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്.
കേസിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. കാണാതായ ദിവസം ചിത്രപ്രിയ ആൺസുഹൃത്തായ അലനൊപ്പം ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അലനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം വിട്ടയച്ചെങ്കിലും പിന്നീട് വീണ്ടും കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അലൻ കുറ്റം സമ്മതിച്ചത്. സംഭവദിവസം താനും ചിത്രപ്രിയയും ഉൾപ്പെടെയുള്ളവർ മദ്യപിച്ചിരുന്നതായും, തുടർന്നുണ്ടായ തർക്കത്തിനിടെ സംശയത്തെ തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് അലൻ പൊലീസിനോട് പറഞ്ഞത്.
ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്ന ചിത്രപ്രിയ, വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് നാട്ടിലെത്തിയത്. ചിത്രപ്രിയയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ച കൂടുതൽ ശാസ്ത്രീയമായ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.