നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്ന തീയതി ഇന്ന് തീരുമാനിച്ചേക്കും. കേസിന്റെ അന്തിമ വാദം പൂർത്തിയായ സാഹചര്യത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ആകെ ഒൻപത് പേരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന രണ്ടുപേരെ കോടതി ഒഴിവാക്കുകയും ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും ദിലീപും അടക്കമുള്ളവർ നിലവിൽ ജാമ്യത്തിലാണ്. ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം 2024 സെപ്റ്റംബറിലാണ് പൾസർ സുനിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടപടികൾ പൂർത്തിയായതിനാൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വിധി പ്രസ്താവിക്കുന്ന തീയതി ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത.