തിരുവനന്തപുരം കാട്ടാക്കടയിൽ പതിനഞ്ചുകാരനെ കാറിടിച്ച് കൊന്ന കേസിൽ ഇന്ന് വിധി പറയും. പൂവച്ചൽ സ്വദേശി ആദിശേഖറിനെയാണ് ബന്ധുവായ പ്രിയരഞ്ജൻ മനപൂർവം കാർ കയറ്റി കൊലപ്പെടുത്തിയത്. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക.
കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ മനപൂർവം കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വഞ്ചിയൂർ ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിന്റെ വാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കുട്ടിയുടെ അകന്ന ബന്ധു കൂടിയായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. 2023 ആഗസ്‌റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാകത്തിലേക്ക് നയിച്ചത്.
സൈക്കിളിൽ മടങ്ങാൻ ഒരുങ്ങിയ ആദിശേഖറിന്റെ ശരീരത്തിലൂടെ പ്രതി കാർ കയറ്റി ഇറക്കുകയുമായിരുന്നു. കാർ അബദ്ധത്തിൽ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദമെങ്കിലും സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴിയും നടന്നത് കൊലപാതകം എന്ന് തെളിയിച്ചു. കേസിൽ വിധി പറയുമ്പോൾ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.