കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ തീ കൊളുത്തി കൊന്നു.വോർക്കാടി സ്വദേശി ഹിൽഡ ഡിസൂസ ആണ് മരിച്ചത്. കൊലപാതകത്തിനുശേഷം ബന്ധു യുവതിക്ക് നേരെയും യുവാവ് ആക്രമണം നടത്തി. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസ് അനേഷണം ഊർജിതമാക്കി.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ വീടിന്റെ പുറകിലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.നല്ലെങ്കിയിലെ ഹിൽഡ ഡിസൂയെ യാണ് മകൻ മെൽവിൻ മൊണ്ടേര കൊലപ്പെടുത്തിയത്.ശേഷം മൃതദേഹം വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
മാതാവിന്റെ കൊലപാതകത്തിനു ശേഷം അയൽവാസിയും ബന്ധുവുമായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താനും ശ്രമം നടന്നു. വിക്ടറിൻ്റെ ഭാര്യ ലോലിറ്റക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഇവരെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം പ്രതി ഒളിവിലാണ്.
കർണാടകത്തിലേക്ക് കടന്നു കളഞ്ഞു എന്നാണ് സൂചന. കെട്ടിട നിർമ്മാണത്തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിൽ താമസം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല,പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് മഞ്ചേശ്വരം പൊലീസ്.